Wednesday, July 9, 2014

കറൻസിയുടെ സകാത്ത്


വെള്ളിക്കും സ്വർണ്ണത്തിനും സകാത്ത് നിർബന്ധമാക്കിയത് അത് സാധനങളുടെ വിലയും വിനിമയ മാധ്യമവും എന്ന നിലക്കാണ്. ഇന്ന് ഇത്തരമൊരു നാണയ വ്യവസ്ഥ നിലവിലില്ല. പകരം സ്വർണ്ണം വെള്ളി അടിസ്ഥാനമാക്കിയുള്ള കറൻസിയാണുള്ളത്. അതിനാൽ എന്ത് കാരണത്താൽ സ്വർണ്ണത്തിനും വെള്ളിക്കും സകാത്ത് നിർബന്ധമായോ അതേ കാരണത്താൽ കറൻസിക്കും സകാത്ത് നിർബന്ധമാണ്.

ബാങ്ക് അകൌണ്ട് ഇല്ലാത്തവർ വിരളമാണ് . എന്നാൽ അജ്ഞത മൂലമാവാം ഇവരിൽ നല്ലൊരു ഭാഗം അർഹരായിട്ടും സകാത്ത് നൽകാത്തവരാണ്. 595 ഗ്രാം വെള്ളിയുടെ വില ഒരു വർഷം അകൌണ്ടിൽ കിടന്നാൽ സകാത്ത് നിർബന്ധമാണ്.

595 ഗ്രാം വെള്ളിയുടെ വില 10,000 ഇന്ത്യൻ രൂപയാണെന്ന് സങ്കല്പിക്കുക. 4000 രൂപ കൊണ്ട് ഒരാൾ അകൌണ്ട് തുടങ്ങി അകൌണ്ടിലെ തുക എന്ന് 10,000 രൂപയാകുന്നുവോ, അന്ന് മുതൽ അയാൾ കൊല്ലം കണക്ക് വെച്ച് പോരണം. ഈ സംഖ്യ സ്ഥിരമായി ഒരു വർഷം അകൌണ്ടിൽ കിടന്നിട്ടുണ്ടെങ്കിൽ വർഷാവസാ‍നം 10,000 ത്തിന്റെ 2.5 ശതമാനം (250 രൂപ )സകാത് നൽകണം. സകാത്ത് നൽകി ബാക്കി വരുന്ന സംഖ്യയാണ് പിന്നീട് കണക്ക് വെക്കേണ്ടത്. അകൌണ്ട് ബാലൻസ് 10,000 ത്തിൽ കുറയുമ്പോൾ കൊല്ലം മുറിയുകയും ,ശേഷം എന്ന് 10,000 തികയുന്നുവോ അന്ന് പുതിയ വർഷം ആരംഭിക്കുകയും ചെയ്യുന്നു.

സകാത്തിന് മതിയായ തുക ഒരു വർഷം കയ്യിലിരുന്ന ഒരാൾക്ക് തുല്യമായതോ അതിൽ കൂടുതലോ ഉള്ള തുക കടം ഉണ്ടെങ്കിലും കയ്യിലിരിപ്പുള്ള സംഖ്യക്ക് സകാത്ത് നൽകുക തന്നെ വേണം.

വർഷങ്ങൾ നീ‍ണ്ടുനിൽക്കുന്ന കുറിയിൽ നിക്ഷേപ സംഖ്യ, നറുക്ക് ലഭിക്കാതെ ഒരു വർഷം പിന്നിട്ടാൽ സകാത്തിന്റെ കണക്ക് തികയുമെങ്കിൽ സകാത്ത് നൽകണം. ആദ്യമാദ്യം നറുക്ക് ലഭിച്ച വ്യക്തി സകാത്ത് നൽകേണ്ടതില്ല. താൻ നിക്ഷേപിക്കുന്ന സംഖ്യ അയാൾ ആദ്യമേ സ്വീകരിച്ചു കഴിഞ്ഞു.

തിരിച്ചുകിട്ടുന്ന രീതിയിൽ എല്ലാ മാസവും ശമ്പളത്തിൽ നിന്നും കമ്പനി ഒരു നിശ്ചിത തുക ഈടാക്കുന്ന എല്ലാ തരം സ്കീമുകൾക്കും (ഉദാ: പ്രോവിഡൻസ് ഫണ്ട്) സകാത്ത് നിർബന്ധമാണ്. ഇങ്ങിനെ പിടിക്കുന്ന സംഖ്യ സകാത്തിന്റെ പരിധിയെത്തുന്നത് എപ്പോഴാണെന്ന് ശ്രദ്ധിയ്ക്കുകയും അന്നുമുതൽക്ക് ഒരു കൊല്ലം പൂർത്തിയാവുമ്പോൾ അതിന്റെ 2.5 ശതമാനം സകാത്ത് കൊടുക്കണം. കിട്ടാനുള്ള കടത്തിന്റെ അവസ്ഥയാണിതിനുള്ളത്. കടം കൊടുത്ത പണം തിരിച്ചു കിട്ടുന്നതിനു മുമ്പ് തന്നെ സകാത്ത് കൊടുക്കാവുന്നതാണ്. സംഖ്യ ലഭിച്ചതിന്റെ ശേഷമാണ് സകാത്ത് കൊടുക്കുന്നതെങ്കിൽ കഴിഞ്ഞ വർഷങ്ങൾക്കെല്ലാം അതാത് വർഷത്തെ സംഖ്യയുടെ സ്ഥിതിയനുസരിച്ചാണ് സകാത്ത് കൊടുക്കേണ്ടത്. ആദ്യ വർഷത്തെ സകാത്തിന്റെ വിഹിതം രണ്ടാം വർഷത്തിലുണ്ടാവില്ല. ആദ്യ വർഷത്തിലെ സകാത്ത് വിഹിതം തന്റേതല്ല സകാത്തിന്റെ അവകാശികളുടെതാണ്. അപ്പോൾ ആ വിഹിതം കഴിച്ച ശേഷമുള്ള സംഖ്യക്കാണ് രണ്ടാം വർഷം സകാത് കണക്കാക്കേണ്ടത്. അപ്പോൾ ലഭിക്കുന്ന വിഹിതം കഴിച്ചാണ് മൂന്നാം വർഷത്തിലെ സകാത്ത് കണക്കാക്കേണ്ടത്. അങ്ങിനെ ഓരോ വർഷത്തിന്റെയും കണക്ക് കൂട്ടി സകാത് നൽകേണ്ടതാണ്.

തിരിച്ചുനൽകുമെന്ന നിബന്ധനയോടെ പീടികയുടെ ഉടമയും സ്കൂൾ മാനേജ്മെന്റും വാഹന ഉടമകളും മറ്റും വാങ്ങുന്ന പണവും ഇതേ അവസ്ഥയിലാണ്. ഇത് സകാത് നൽകേണ്ട പരിധിയുള്ള സംഖ്യയാണെങ്കിൽ ഒരു വർഷം തികഞ്ഞത് മുതൽക്ക് അതിനും സകാത് നിർബന്ധമാകും. തിരിച്ച് കിട്ടുമ്പോൾ കഴിഞ്ഞ ഓരോ വർഷത്തിനും സകാത്ത് കൊടുക്കേണ്ടതാണ്. ഒരു ലക്ഷം രൂപയുടെ സെക്യൂരിറ്റി തുകക്ക് 2500 രൂപ ഒന്നാം വർഷത്തിൽ സകാത്ത് കൊടുക്കുമ്പോൾ രണ്ടാം വർഷത്തിൽ 2500 കഴിച്ചുള്ള സംഖ്യക്ക് സകാത്ത് കൊടുത്താൽ മതി. ഈ കുറവ് ഓരോ വർഷത്തിലുമുണ്ടാവും. ഇത് പരിഗണിച്ച്കൊണ്ടാണ് സകാത് കണക്കാക്കേണ്ടത്.

കറൻസിയുടെ സകാത്തിൽ പണമായി വാങ്ങിയ സ്ത്രീധനവും ഉൾപ്പെടും. സ്ത്രീധനം പെണ്ണിന്റെ സ്വത്താണ്. വല്ല കാരണത്താലും വിവാഹമോചനം ചെയ്യപ്പെട്ടാൽ ഈ തുക അവൾക്ക് തിരിച്ച് നൽകേണ്ടതാണ്. ഒരു അമാനത്ത് എന്ന നിലയിലാണ് ഭർത്താവ് ഈ തുക സൂക്ഷിക്കുന്നത്. സ്ത്രീധനത്തുക കൈവശം വന്ന അന്ന് മുതൽ കൊല്ലം കണക്കാക്കി സകാത്ത് നൽകുകയാണ് വേണ്ടത്. അതാത് വർഷങ്ങളിൽ നൽകുകയോ അല്ലാത്ത പക്ഷം കിട്ടാനുള്ള കടമെന്ന നിലയിൽ തുക കയ്യിലെത്തുമ്പോൾ അത് വരെയുള്ള സകാത്ത് ഒന്നിച്ച് നൽകുകയോ ആവാം. സ്ത്രീയാണ് സകാത് നൽകേണ്ടത്. അവൾ ഈ തുക തന്റെ ഭർത്താവിന് ദാനമായി നൽകിയാൽ സകാതിൽ നിന്ന് ഒഴിവാകുന്നതാണ്. ഇത് പോലെതന്നെയാണ് പണമായി നൽകിയ വിവാഹ മൂല്യവും (മഹ്‌റ്). ഇത് സകാതിന്റെ പരിധിയെത്തുകയും ഒരു വർഷം പൂർത്തിയാവുകയും ചെയ്താൽ സ്ത്രീ അതിന് സകാത് നൽകേണ്ടതാണ്. സ്ത്രീധനവും മഹ്‌റും അനുവദനീയമായ ആഭരണമാണെങ്കിൽ അതിന് സകാത് നൽകേണ്ടതില്ല.

ലഭിക്കാനുള്ള കടം എത്ര വർഷം കഴിഞ്ഞ് കിട്ടിയാലും കഴിഞ്ഞ ഓരോ വർഷത്തിനും സകാത് കൊടുക്കണമെന്നാണ് ശാഫി‌ഈ മദ്‌ഹബ് പ്രകാരമുള്ള നിയമം. എന്നാൽ മാലികീ മദ്‌ഹബിൽ ഒരു വർഷത്തിനു മാത്രം സകാത് കൊടുത്താൽ മതിയാവുന്നതാണ്